114- കാരനായ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് അന്തരിച്ചു

0
maraththon

ജലന്ധർ: വാഹനാപകടത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് അന്തരിച്ചു. ജലന്ധർ-പത്താൻകോട്ട് ഹൈവേയക്ക് സമീപം അമിത വേഗതയിലെത്തിയ അജ്ഞാത വാഹനം ഫൗജയെ ഇടിയ്ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് മകൻ ഹർബീന്ദർ സിങ് പറഞ്ഞു.

89-ാം വയസിലാണ് മാരത്തോൺ ഓട്ടത്തിലേയ്ക്ക് ഫൗജ വരുന്നത്.. തുടർന്ന് മാരത്തൺ പൂർത്തിയാക്കുന്ന ആദ്യ ശതാബ്‌ദിക്കാരൻ എന്നതുൾപ്പെടെയുളള റെക്കോർഡുകൾ ഫൗജ സ്വന്തമാക്കി.

1911 ഏപ്രിൽ ഒന്നിന് പഞ്ചാബിലെ ജലന്ധറിലാണ് അദ്ദേഹത്തിന്‍റെ ജനനം. കാലുകൾക്ക് ശേഷിക്കുറവുണ്ടായിരുന്നത് കാരണം പലവിധത്തിലുളള ശാരീരിക വെല്ലുവിളികളെ നേരിട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്.1992-ൽ കിഴക്കൻ ലണ്ടനിലേയ്ക്ക് താമസം മാറിയിരുന്നു. 2000-ൽ തൻ്റെ 89-ാം വയസിലാണ് മാരത്തണിലേയ്ക്ക് ഫൗജ ഗൗരവമായി കടക്കുന്നത്. ലണ്ടൻ മാരത്തിലാണ് അദ്ദേഹം ആദ്യ കൈ നോക്കിയത്. ആറു മണിക്കൂറും 54 മിനിറ്റും കൊണ്ടാണ് അന്ന് മത്സരം പൂര്‍ത്തിയാക്കിയത്. ജീവിത വിരക്തി അകറ്റാനും ഒറ്റപ്പെടലിനെ അതിജീവിക്കാനുമാണ് മാരത്തണിൽ പങ്കെടുക്കുന്നതെന്ന് ഫൗജ പറഞ്ഞിരുന്നു.

2011-ൽ 100 വയസുളളപ്പോൾ ടൊറൻ്റോ മാസ്റ്റേഴ്‌സ് അസോസിയേഷൻ ഫൗജ സിങ്‌ ഇൻവിറ്റേഷണൽ മീറ്റിൽ ഒരു ദിവസം എട്ട് ലോക റെക്കോഡുകളാണ് അദ്ദേഹം തീര്‍ത്തത്. 23.14 സെക്കൻഡില്‍ 100 മീറ്റർ പൂർത്തിയാക്കിയ അദ്ദേഹം 52.3 സെക്കൻഡില്‍ 200 മീറ്ററും 21.3 സെക്കൻഡില്‍ 400 മീറ്ററും പൂർത്തിയാക്കിയിരുന്നു. ഇതുള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്‍റെ റെക്കോഡുകള്‍.മൂന്ന് ദിവസങ്ങള്‍ക്കപ്പുറം ടൊറൻ്റോ വാട്ടർഫ്രണ്ട് മാരത്തൺ 8 മണിക്കൂർ 11 മിനിറ്റ് 6 സെക്കൻഡ് കൊണ്ട് അദ്ദേഹം ഫിനിഷ് ചെയ്‌തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ശതാബ്‌ദിക്കാരനായും അദ്ദേഹം മാറി. ജനന സർട്ടിഫിക്കറ്റുകളുടെ അഭാവത്തിൽ ഗിന്നസ് ലോക റെക്കോഡ് നഷ്‌ടമായി.

ലണ്ടൻ, ന്യൂയോർക്ക്, ടൊറൻ്റോ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി മാരത്തണുകളിൽ ഫൗജ സിങ്‌ പങ്കെടുത്തിട്ടുണ്ട്. 2003-ൽ ടൊറൻ്റോ വാട്ടർഫ്രണ്ട് മാരത്തണിൽ 90 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ അഞ്ച് മണിക്കൂറും 40 മിനിറ്റും കൊണ്ടാണ് ഫൗജ പൂർത്തിയാക്കിയത്.2011-ൽ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ലഭിച്ചു. 2011 ജൂലൈ ഏഴിന് “ടർബൻഡ് ടൊർണാഡോ” എന്ന ജീവചരിത്രം പ്രസിദ്ധീകരിച്ചു. 2021-ൽ ഒമുങ് കുമാർ ബി സംവിധാനം ചെയ്‌ത “ഫൗജ” എന്ന ഹിന്ദി ചലചിത്രം ഇദ്ദേഹത്തിൻ്റെ ജീവിതം ആസ്‌പദമാക്കിയുള്ളതാണ്.

101-ാം വയസിൽ ഹോങ്കോങ്ങിൽ നടന്ന 10 കിലോമീറ്റർ മാരത്തൺ ആണ് അവസാനമായി പൂർത്തീകരിച്ചത്. ഒരു മണിക്കൂര്‍ 32 മിനിട്ട് 22 സെക്കന്‍ഡുകൊണ്ടാണ് മത്സരം ഫിനിഷ് ചെയ്‌തത്. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ ദീപശിഖാ വാഹകനായിരുന്നു. 100-ാം ജന്മദിനത്തിൽ എലിസബത്ത് രാജ്ഞിയിൽ നിന്ന് അംഗീകാരം നേടി.

ഫൗജ സിങ്ങിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.അവിശ്വസനീയമായ ദൃഢനിശ്ചയമുള്ള അസാധാരണ കായികതാരമായിരുന്നു ഫൗജ സിങ്. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ഖേദിക്കുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു.പഞ്ചാബ് ഗവർണറും ഛത്തീസ്‌ഗഡ് അഡ്‌മിനിസ്ട്രേറ്ററുമായ ഗുലാബ് ചന്ദ് കടാരിയ ഫൗജ സിങ്ങിന്‍റെ നിര്യാണത്തിൽ ഖേദം പ്രകടിപ്പിച്ചു. ബിജെപി നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്‌, ‘ടർബൻ ടൊർണാഡോ’ ജീവചരിത്ര രചയ്‌താവ് ഖുശ്‌വന്ത് സിങ് എന്നിവർ മരണത്തിൽ അനുശോചിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *