നേപ്പാളിൽ മരണം 112: വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ;
കഠ്‌മണ്ഡു∙ തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 112 പേർ മരിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായെന്നും നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച മുതൽ പെയ്യുന്ന മഴയിൽ നേപ്പാളിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. തലസ്ഥാനമായ കഠ്‌മണ്ഡുവിൽ മാത്രം മരണസംഖ്യ 34 പിന്നിട്ടു. ഇതുവരെ മൂവായിരത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പൊലീസ് അധികൃതർ അറിയിച്ചു. രാജ്യത്തെ 63 ഇടങ്ങളിലെ പ്രധാന ഹൈവേകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
ദുരന്തത്തിന് പിന്നാലെ ആക്ടിങ് പ്രധാനമന്ത്രിയും നഗരവികസന മന്ത്രിയുമായ പ്രകാശ് മാൻ സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല അടിയന്തര യോഗം വിളിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച ദുരന്തമേഖലയിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേപ്പാളിൽ എല്ലാ വിദ്യാലയങ്ങളും മൂന്നു ദിവസത്തേക്ക് അടച്ചിടാനും സർക്കാർ നിർദേശിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് കഠ്‌മണ്ഡു നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.