രാഹുലിൻ്റെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം പാരിതോഷികം ; ഗെയ്‌ക്‌വാദിനെതിരെ എഫ്ഐആർ
മുംബൈ :രാഹുൽഗാന്ധിയുടെ നാവുമുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗേയ്ക്ക് വാദിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസിൻ്റെ പ്രതിഷേധം.ഒരു കോൺഗ്രസ്സ് പ്രവർത്തകൻ്റെ പരാതിയിൽ BNS സെക്ഷനുകൾ 351(2), 351(4), 192 പ്രകാരം ഭീഷണി ,പ്രകോപനപരമായ പ്രസ്താവന എന്നീ കുറ്റങ്ങൾ ചുമത്തി ഗേയ്ക്ക് വാദിനെതിരെ ബുൽദാന പോലീസ് എഫ്‌ഐ ആർ രജിസ്റ്റർ ചെയ്‌തു .
“യുഎസിൽ രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ പ്രസ്താവനകൾ കോൺഗ്രസ്സിൻ്റെ യഥാർത്ഥ മുഖമാണ് തുറന്നുകാട്ടുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്താൽ ഭരണഘടനയ്ക്ക് ഭീഷണിയുണ്ടാകുമെന്ന തെറ്റായ വിവരണമാണ് രാഹുൽഗാന്ധി പ്രചരിപ്പിച്ചത് . ബിആർ അംബേദ്ക്കർ ഭരണഘടനയിൽ സംവരണത്തെ കുറിച്ചെഴുതിയത് പൊളിച്ചെ ഴുതണമെന്നാണ് രാഹുൽ ആവശ്യപ്പെടുന്നത്. ഇങ്ങനെയൊക്കെ പറയുന്ന രാഹുൽ ഗാന്ധിയുടെ നാവ് ഛേദിക്കുന്നവർക്ക് 11 ലക്ഷം രൂപ സമ്മാനം നൽകും . ഇതുമൂലം സംഭവിക്കുന്ന എന്ത് നിയമപരമായ പ്രതിഘാതങ്ങളും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.” എന്നായിരുന്നു സഞ്ജയ് ഗേയ്ക്ക് വാദ് പ്രസംഗിച്ചിരുന്നത് .
ഗെയ്ക്കുവാദിനെ കടിഞ്ഞാണിടാനും നിയന്ത്രിക്കാനും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുന്നോട്ടുവരണമെന്ന് സംസ്‌ഥാന കോൺഗ്രസ്സ് അധ്യക്ഷൻ നാനാപാട്ടൊളെ പറഞ്ഞു.പ്രസ്‌താവന നിരുത്തരവാദ പരവും ,രാഹുൽഗാന്ധിയെ കരിവാരിതേക്കാനുമുള്ള ശ്രമവുമാണെന്നും ശക്തമായി പ്രതിഷേദിക്കുന്നുവെന്നും കോൺഗ്രസ്സ് നേതാവ് ബാലാസാഹേബ് തോറാട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ “തൻ്റെ പരിപാടിയിൽ ഏതെങ്കിലും കോൺഗ്രസ്സ് പട്ടി നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരെ കുഴിച്ചു മൂടുമെന്ന” ഗെയ്‌ക്ക്‌വാദിൻ്റെ പ്രസ്താവനയ്ക്കെതിരേയും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.
ഗെയ്‌ക്ക്‌വാദിന് വിവാദങ്ങൾ അപരിചിതമല്ല. കഴിഞ്ഞ മാസം ഒരു പോലീസുകാരൻ തൻ്റെ കാർ കഴുകുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റിയത് വൈറലായിരുന്നു. കാറിനുള്ളിൽ ഛർദ്ദിച്ചതിനെത്തുടർന്ന് പോലീസുകാരൻ ഇത് സ്വയം വൃത്തിയാക്കിയതായി എംഎൽഎ പിന്നീട് അവകാശപ്പെട്ടു.
ഫെബ്രുവരിയിൽ, 1987 ൽ ഒരു കടുവയെ വേട്ടയാടിയതായി അവകാശപ്പെട്ട ഗെയ്‌ക്‌വാദ് അതിൻ്റെ പല്ല് കഴുത്തിൽ അണിഞ്ഞിരുന്നു. തുടർന്ന് വനംവകുപ്പ് പല്ല് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു, വന്യജീവി സംരക്ഷണ നിയമപ്രകാരം ഗെയ്‌ക്‌വാദിനെതിരെ കുറ്റം ചുമത്തിയിരുന്നു.