108 ആംബുലന്‍സ് ജീവനക്കാര്‍ സമരം തുടങ്ങി;സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, ശമ്പളമില്ല
തിരുവനന്തപുരം∙ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ സമരം തുടങ്ങി. ഒക്ടോബര്‍ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണ് ആംബുലന്‍സ് ജീവനക്കാര്‍ സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തു പലയിടത്തും അപകടങ്ങളില്‍ പെടുന്നവരെ ഉള്‍പ്പെടെ ആശുപത്രികളിലേക്ക് മാറ്റാന്‍ സ്വകാര്യ ആംബുലന്‍സുകള്‍ തേടേണ്ട അവസ്ഥയാണുള്ളത്.
ഈ മാസം കൂടി ആകുന്നതോടെ രണ്ടു മാസത്തെ ശമ്പളം കുടിശികയാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 108 ആംബുലന്‍സിന്റെ നടത്തിപ്പ് കമ്പനിക്ക് സര്‍ക്കാര്‍ ഏതാണ്ട് 90 കോടിയോളം രൂപ നല്‍കാനുണ്ട്. ധനവകുപ്പ് ഈ തുക പാസാക്കിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്.
ശമ്പള വിതരണത്തിലെ കാലതാമസം സംബന്ധിച്ച് സിഐടിയു പ്രതിനിധികളും സ്വകാര്യ കമ്പനി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. നവംബര്‍ ഒന്നാം തീയതി സെപ്റ്റംബറിലെ പകുതി ശമ്പളം നല്‍കാമെന്നും ബാക്കി ശമ്പള വിതരണം പിന്നീട് അറിയിക്കാമെന്നും കരാര്‍ കമ്പനി പറഞ്ഞുവെന്നാണ് ജീവനക്കാര്‍ അറിയിക്കുന്നത്. ഒക്‌ടോബര്‍ തീരുന്നതോടെ രണ്ടു മാസത്തെ ശമ്പളം കുടിശികയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ മുതല്‍ ചിലയിടത്ത് ബിഎംഎസിന്റെ നേതൃത്വത്തില്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ഐഎഫ്ടി കേസുകള്‍ എടുക്കാതെ പ്രതിഷേധ സമരം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ എട്ട് മണി മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ എല്ലാ ട്രിപ്പുകളും ഒഴിവാക്കിക്കൊണ്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മാസവും ഏഴാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നാണ് തീരുമാനമെന്നും ഇതു പലപ്പോഴും കമ്പനി പാലിക്കുന്നില്ല എന്നും ജീവനക്കാര്‍ ആരോപിക്കുന്നു.