10 വയസ്സുകാരന്റെ പ്രധാന ഞരമ്പ് മുറിച്ചു; ദുരിതത്തിലായി കുടുംബം;ഹെർണിയ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈപ്പിഴ

0

കാസർകോട് ∙ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസ്സുകാരൻ ഡോക്ടറുടെ കൈപ്പിഴയിൽ ദുരിതക്കിടക്കയിലായി. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താൻ വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ അറിയിച്ച ഡോക്ടർ ആംബുലൻസിൽ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശിയുടെ മകനാണ് ദുരിതത്തിലായത്. രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേർക്കുകയോ ഹെർണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർ തന്നെ വഹിച്ചെങ്കിലും ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടർക്ക് 1500 രൂപയും കൈക്കൂലി നൽകിയതായും കുട്ടിയുടെ പിതാവ് അശോകൻ പറഞ്ഞു.

ആശുപത്രിയിൽ നിന്നു ഡിസ്ചാർജായ ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടർ തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇനി തുടർചികിത്സ എങ്ങനെയെന്ന് അറിയില്ലെന്നും കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അശോകൻ പറഞ്ഞു. ആറു മാസത്തേക്ക് വിശ്രമം വേണമെന്നാണ് കണ്ണൂരിൽ നിന്ന് ഡോക്ടർമാർ പറഞ്ഞത്. സ്കൂളിൽ പോകാനും കഴിയില്ല. ഇപ്പോഴും പരസഹായമില്ലാതെ കുട്ടിക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അശോകൻ പറഞ്ഞു. ഇനിയൊരു കുട്ടിക്കും ഈ അവസ്ഥയുണ്ടാകാതിരിക്കാനാണ് തങ്ങളുടെ സങ്കടകഥ ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *