26 ദിവസത്തിൽ ക്യാമറ പിടിച്ചത് 1.23 ലക്ഷം കേസ്; ബെംഗളൂരു-മൈസൂരു പാതയിൽ 150 കി.മീ. കടന്നും വേഗം
ബെംഗളൂരു-മൈസൂരു പാതയില്‍ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാവാതെ ട്രാഫിക് പോലീസ്. എ.ഐ. ക്യാമറകളുള്‍പ്പെടെ സ്ഥാപിച്ച് അതിവേഗക്കാരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുന്നത് തുടരുമ്പോഴും നിയമലംഘനത്തിന് കുറവില്ല. ഓഗസ്റ്റ് ഒന്നുമുതല്‍ 26 വരെയുള്ള കണക്കുപ്രകാരം ഈ പാതയില്‍ അതിവേഗത്തിന് പോലീസ് രജിസ്റ്റര്‍ചെയ്ത കേസുകളുടെ എണ്ണം 1,23,000 കടന്നു.
പാതയില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറകളുടെയും 48 ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് ക്യാമറകളുടെയും സഹായത്തോടെ രജിസ്റ്റര്‍ചെയ്ത കേസുകളാണിത്. ഒരു കേസില്‍ ട്രാഫിക് പോലീസ് ഈടാക്കുന്ന പിഴ ആയിരം രൂപയാണ്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് ഈ പാതയില്‍ അനുവദനീയമായ വേഗം. പക്ഷേ, 150 കിലോമീറ്റര്‍ വേഗത്തില്‍വരെ ഇതിലെ വാഹനമോടിക്കുന്നവരുണ്ട്.
പാതയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രധാന കാരണവും അതിവേഗമാണ്. ക്യാമറകളില്‍ പതിയുന്ന നിയമലംഘനത്തിന് കേസ് ഡ്രൈവര്‍മാര്‍ അറിയാതെ വീടുകളിലേക്ക് വരും. മലയാളികള്‍ ഉള്‍പ്പെടെ കേസില്‍ കുടുങ്ങുന്നു. നേരത്തേ ഈ പാത അതിവേഗപാതയാണെന്നാണ് പറഞ്ഞുവന്നത്. വാഹനാപകടങ്ങള്‍ കൂടിയതോടെ ഇത് അതിവേഗപാതയല്ലെന്നും വേഗം പരമാവധി 100 കിലോമീറ്ററായി നിജപ്പെടുത്തിയ ദേശീയപാതയാണെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് ഒന്നുമുതലാണ് അതിവേഗത്തിനു പിഴയും കേസും ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാതയില്‍ 100 കിലോമീറ്ററാണ് അനുവദനീയമായ വേഗപരിധി. 100 മുതല്‍ 130 കിലോമീറ്റര്‍വരെ വേഗം വന്നാല്‍ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാല്‍ കേസെടുക്കും. ഏതു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും വേഗപരിധി ലംഘിച്ചാല്‍ കേസെടുക്കുമെന്നും വേഗപരിധി ലംഘിച്ച സ്ഥലത്തെ പോലീസ് സ്റ്റേഷനിലാകും കേസുണ്ടാവുകയെന്നും കര്‍ണാടക ഡി.ജി.പി. അലോക് മോഹന്‍ അറിയിച്ചിരുന്നു.
അതിവേഗക്കാരെ പിടികൂടാന്‍ പാതയുടെ വിവിധ ഭാഗങ്ങളിലായി 60 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പാതയില്‍ അതിവേഗവും ലെയിന്‍ തെറ്റിക്കലും പെട്ടെന്ന് വേഗം കുറയ്ക്കുന്നതും കാരണം ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. അപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് പിഴയീടാക്കാനും കേസ് എടുക്കാനും തീരുമാനിച്ചത്. 2023 മാര്‍ച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാത ഉദ്ഘാടനം ചെയ്തത്.